Tuesday, September 22, 2009

നിനക്കറിയുമോ

നിനക്കറിയുമോ എന്തോ?

കനവുകളുടെ ചില്ലുചിത്രങ്ങള്‍
ഉടഞ്ഞു വീണായിരുന്നു,
എന്‍റെ ഹൃദയത്തില്‍
ആദ്യത്തെ മുറിവേറ്റത്.

ആദ്യ മുറിവിനും,
വേദനക്കുമൊപ്പം
എത്തിയിട്ടില്ല മറ്റൊന്നും.

അതുകൊണ്ടാകണം,
കണ്ടു മറയുന്ന സ്വപ്നങ്ങള്‍ക്കിപ്പോള്‍,
അവകാശികളെന്നു പറയുന്നത്
അപൂര്‍ണ്ണമായ കുറെ രൂപങ്ങള്‍ മാത്രമാണ്.

ഭൂമിശാസ്ത്രത്തിന്റെ പ്രാക്ടിക്കല്‍

ഗ്ലോബ്.
വലിയൊരു ഗോളം,
നീല നിറത്തില്‍ പടര്‍ന്നു കിടക്കുന്നത്, കടല്‍.
വെള്ള നിറത്തില്‍, കര.
പല നിങ്ങളിലായി ചിതറി കിടക്കുന്നത്,
പല, പല രാജ്യങ്ങള്‍.

ഇവയെല്ലാം വേര്‍തിരിച്ചു
ഒരു കറുത്ത വര കാണാം.
ഉണ്ടായിരുന്നതോ, ഉണ്ടായി വന്നതോ അല്ല.
ഉണ്ടാക്കി വെച്ചതാണ്.

പഠിച്ചു വെക്കുമ്പോഴും
പകര്‍ത്തി വരക്കുമ്പോഴും
അത് ശ്രദ്ധിച്ചുകൊള്ളണം.

തെറ്റിപോയാല്‍...
മാര്‍ക്ക് കിട്ടിയെന്നു വരില്ല.
അതാണ്‌ ഭൂമിശാസ്ത്രത്തിന്റെ പ്രാക്ടിക്കല്‍.

അനിവാര്യത

അന്യമായ കാഴ്ചകളുടെ
തിരശീലക്കപ്പുറത്തേക്കാണ്‌
മനസ്
വേര് പറിക്കുന്നത്‌.

പടര്‍ന്നു കേറാനുള്ള
മോഹത്തിന്റെ പച്ചപ്പിലെല്ലാം
കാലത്തിന്‍റെ നിഴല്‍ വീണു പൊള്ളുന്നു.

പ്രതീക്ഷകളുടെ തണലില്‍
ചായുന്നതിനും മുന്‍പേ,
നേരം മങ്ങി തുടങ്ങിയിരുന്നു.

അനിവാര്യമാകുന്ന
യാത്ര പറച്ചിലുകള്‍ക്കിടയില്‍,
എപ്പോഴോ...
തൊണ്ടയിടറി, വാക്കുകള്‍ ക്രമം തെറ്റി വീണു.

Monday, September 7, 2009

ഈഗോ

അടുത്തിരിക്കുമ്പോള്‍
കണ്ടെത്താനാവാത്ത വിധം
അലിഞ്ഞില്ലാതാകുകയും
അകലുമ്പോള്‍
കടുത്ത വരകള്‍ പോലെ
ചുറ്റി വരിഞ്ഞ്
നമുക്കിടയില്‍ കാണപ്പെടുകയും
ചെയ്യുന്ന ഒന്ന്.

Sunday, September 6, 2009

ജോലിയും കൂലിയും

ആര്‍ക്കും വേണ്ടാത്ത രാത്രികള്‍ക്ക്
കാവലിരിക്കുന്നതാണ്
ഇപ്പോള്‍
എന്‍റെ ജോലി.

പകലുറക്കത്തില്‍
ആര്‍ക്കും വേണ്ടാതായ ഇരുള്‍
കരിമ്പടം പോലെന്നെ
മൂടി മറക്കുന്നതാണ്
എനിക്കുള്ള കൂലി.