Tuesday, October 20, 2009

മൗനസ്വപ്നങ്ങള്‍

നീണ്ട നിശബ്ദതയുടെ
കൂര്‍ത്ത വക്കുകളില്‍
ഒരു കോടി മൗനവും
അവയില്‍ പിറന്ന സ്വപ്നങ്ങളും
പതുങ്ങി പാര്‍ക്കുന്നുണ്ടായിരുന്നു.

കൊത്തു പണികള്‍ക്കോ
വാക്കുകള്‍ക്കോ
നിറങ്ങള്‍ക്കോ
പിടി കൊടുക്കാത്ത
ഒരു തരം അനുഭൂതിയുടെ
നേര്‍ത്ത ഇഴകളില്‍
അവയോരോന്നും
പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു,
ഒന്നിനൊന്നു നഷ്ടമാകാതിരിക്കാനും
സ്വപ്നങ്ങള്‍ക്കിടയില്‍
മുറിവിന്റെ ഗന്ധം വീണു
ചീയാതിരിക്കുന്നതിനും.

പിണക്കം

രാവേറെ കഴിഞ്ഞിട്ടും
ഉണര്‍ന്നിരിക്കുന്ന
ഉറക്കത്തിന്റെ വിരസതയെ
നിശബ്ദമായി ശപിച്ചുകൊണ്ട്
വിരുന്നെത്തിയ സ്വപ്‌നങ്ങള്‍
പതിവു പോലെ
ഇന്നലെയും
പിണങ്ങി,
പടിയിറങ്ങി പോയി.

Friday, October 9, 2009

മേശ

കാലപ്പഴക്കത്തിന്റെ ചിത്രം വിരിഞ്ഞ
മേശവിരിപ്പിനുമേല്‍...

തിയറിയുടെയും , പ്രക്ടിക്കലുകളുടെയും ഏതാനും പുസ്തകങ്ങള്‍
മൂന്ന്, നാല് ആനുകാലികങ്ങള്‍
മാഗസിനുകള്‍, പത്രങ്ങള്‍
പത്രാധിപര്‍ക്കെഴുതിയ കത്തിന്റെ അപൂര്‍ണ്ണ രൂപം
മഴിയുള്ളതും, ഇല്ലാത്തതുമായ പേനകള്‍ നിറഞ്ഞ ഒരു കപ്പ്‌
രണ്ടു പെന്‍സിലുകള്‍, റബ്ബര്‍, പെന്‍സില്‍ വെട്ടി, സ്കെയില്‍
അലാറം മുഴങ്ങുന്ന ടൈം പീസ്...

ഇതിനെല്ലാം ഇടയില്‍,
അവ്യവസ്ഥകളെ അതിജീവിക്കേണ്ട
അകാല നര ബാധിച്ച ഒരു ബുദ്ധി
കഴുത്തൊടിഞ്ഞു കിടപ്പുണ്ട്.