Friday, July 19, 2013

മൗനം

പറഞ്ഞതിനും എഴുതിയതിനും 
ഭംഗി പോരെന്നു തോന്നിയപ്പോഴാണ് 
വരച്ചു തുടങ്ങിയത്.
അർത്ഥമറിയാൻ വഴക്കടിച്ച് 
നിറങ്ങളും പടിയിറങ്ങിയതോടെ,
ഒഴിഞ്ഞ കാൻവാസിൽ 
മൗനം കൂട് കൂട്ടി തുടങ്ങി.

Friday, December 9, 2011

വാക്കുകള്‍ ഉരിഞ്ഞു കൂടുണ്ടാക്കുന്നവരോട്

വാക്കുകള്‍ ഉരിഞ്ഞു കൂടുണ്ടാക്കുന്നവരോട്,
പുറത്തെ വെയിലിനെയും
അതിലൊട്ടുന്ന നനവിനെയും വിട്ട്,
അകത്തു കേറി ഒളിച്ചിരിക്കാനും
ഭയത്തോടെ ചാരിയ ജനാലപ്പഴുതിലെ
അരിച്ചിറങ്ങുന്ന ഇത്തിരി വെട്ടത്തോട്
എന്നും കലഹിക്കാനുമായിരുന്നെങ്കില്‍
എന്തിനായിരുന്നു നിങ്ങള്‍
വാക്കുകളെ ഉരിഞ്ഞു കൂടുണ്ടാക്കിയത്?
നിങ്ങളതിനെ വെറുതെ വിട്ടിരുന്നെങ്കില്‍
അവയുടെ ആത്മാക്കള്‍
ഈ മരുഭൂമിയില്‍ ഞങ്ങള്‍ക്കായി
നിലിവിളി കൂട്ടിയേനെ...

Wednesday, December 15, 2010

സമകാലികം

പേന തുമ്പില്‍ നിന്നും ഒഴുകിയിറങ്ങുന്നത് കണ്ണീരിന്‍റെ നനവോ മനസിന്‍റെ നിറവോ അല്ല. വാക്കുകള്‍, അര്‍ത്ഥമറിഞ്ഞവര്‍ക്ക് തൂക്കി കൊടുത്ത്, കൂലി വാങ്ങുന്ന ആ പഴയ പണിയും ഉപേക്ഷിച്ചു. മുന്‍‌കൂര്‍ വാങ്ങിയ കൂലി കൊണ്ട് തിന്നുകുടിച്ച്, മത്തു പിടിച്ചാണിപ്പോള്‍ എഴുത്ത്. പകര്‍പ്പവകാശത്തിനു പോലും യോഗ്യതയില്ലാത്ത, ഒരു തരം എഴുത്ത്.

Sunday, November 21, 2010

ശാന്തമീ യാത്ര...



കോഴിക്കോട് ശാന്താദേവി (1927- 20 , നവംബര്‍ 2010)

അഭിനയ ജീവിതം: ആയിരത്തിലേറെ നാടകങ്ങള്‍, 480 ലേറെ സിനിമകള്‍, അഞ്ഞൂറോളം ടെലിവിഷന്‍ സീരിയലുകള്‍
ആദ്യ നാടകം: സ്മാരകം (1954, രചന-വാസു പ്രദീപ്‌, സംവിധാനം-അപ്പു നായര്‍)
ആദ്യ
സിനിമ : മിന്നാമിനുങ്ങ് (1957 - രാമു കാര്യാട്ട് )
അവസാന സിനിമ: ബ്രിഡ്ജ് (2009-കേരള കഫേ എന്നചിത്രത്തിലെ അന്‍വര്‍ റഷീദിന്‍റെ ചെറു ചിത്രം)
പ്രധാന പുരസ്കാരങ്ങള്‍ :
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്‌കാരം (1979). മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ (1983, ദീപസ്തംഭം മഹാശ്ചര്യം). മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ( 1992, യമനം-ഭരത് ഗോപി). സംഗീത നാടക അകാദമിയുടെ പ്രേംജി പുരസ്‌കാരം (2005). സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം (2007).

Wednesday, November 3, 2010

പ്രിയപ്പെട്ട ഇറോം,
താരാരാധനയുടെ നിറമില്ലാത്ത
പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞവളാണിന്നു നീ.



ഇറോം ചാനു ഷര്‍മിള

Monday, November 1, 2010

ഇടം തേടുന്നവര്‍

അപേക്ഷ,
എനിക്ക് നിന്നോടായ് മാത്രമുള്ളത്.
അടുത്ത ജന്മത്തിലെങ്കിലും
നിന്‍റെ ഹൃദയത്തില്‍
എനിക്കായ് ഒരിടം മാറ്റിയിടുക.
എന്‍റെ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം
ഞാനവിടെ തീര്‍ത്തുകൊള്ളാം.
കനവുകളുടെ ഭാണ്ഡം
അധികമെന്ന് തോന്നുമ്പോള്‍
നിനക്കത് തച്ചുടക്കാമല്ലോ,
എന്‍റെ സമ്മതമില്ലാതെ തന്നെ.

Tuesday, October 26, 2010

ഫലിതം

"വിവാഹം നിയമപ്രകാരമുള്ള വ്യഭിചാരമാണെന്ന്"
(ക്രൂര) ഫലിതം പറഞ്ഞ സുഹൃത്തിനോട്‌
നിന്‍റെ അമ്മ രണ്ടു കെട്ടിയതും,
മൂത്ത പെങ്ങള്‍
ഭര്‍ത്താവിനോട് പിണങ്ങി
വീട്ടില്‍ വന്നു നില്‍ക്കുന്നതും,
ആദ്യം കിട്ടിയ 'ലൈസന്‍സ്'
രണ്ടാള്‍ക്കും മതിയാകാഞ്ഞതിനാലാണോ? എന്ന്
തിരിച്ചു തമാശിച്ചപ്പോള്‍,
സുഹൃത്ത് വെറുതെയിരുന്നു
കണ്ണ് തുറിച്ചതും
പല്ല് ഉരുമ്മിയതും
പിറുപിറുത്തതും (ഹേയ്‌... തെറിയാകില്ല)
എന്തായിരുന്നുവെന്നും
എന്തിനായിരുന്നുവെന്നും
എനിക്കൊട്ടു പിടികിട്ടിയില്ല.