ഉറക്കം ഇല്ലാതാകുന്നു
സ്വപ്‌നങ്ങള്‍...
മാറില്‍ തീക്കനല്‍ കുന്നിക്കുന്നു.
അകമുരുകുമ്പോള്‍
പുറത്തിറ്റുവീഴുന്ന തുള്ളികളില്‍
ഇരുട്ടിന്‍റെ നോവ് പടരുന്നു.
വഴുതി വീഴുന്നതിനും മുന്‍പേ
പിടഞ്ഞെണീക്കുന്നു.
പാതിയടഞ്ഞ ശ്വാസത്തില്‍
ഉറക്കെ വിളിച്ചത്
ദൈവമേ എന്നായിരുന്നില്ല.
ഒരു ചെറിയ തണുപ്പ്
എവിടങ്ങളിലോ സഞ്ചരിക്കുന്നുണ്ട്,
ദിശയറിയാതെ.
വേവിന്റെ ഗന്ധം തിരഞ്ഞാവുമോ?
എരിഞ്ഞടങ്ങും മുന്‍പേ,
അതെന്നില്‍ പെയ്തിറങ്ങുമോ?
എനിക്കിപ്പോള്‍ പേടി തോന്നുന്നത്
നിഴലുകളോടാണ്
മറ്റാരുടേതുമല്ല, സ്വന്തം നിഴലുകളോട് തന്നെ.
അകലുകയും അടുക്കുകയും
ചിലപ്പോഴൊക്കെ
കണ്ടെത്താനാവാത്ത വിധം
ഒട്ടിപിടിച്ചു, എന്നിലേക്ക് തന്നെ മറഞ്ഞിരിക്കുന്ന
എന്റെ തന്നെ നിഴലുകള്‍.
പറഞ്ഞതിന് ശേഷം
വേണ്ടായിരുന്നെന്ന് സ്വയം ശപിച്ച
കുറെ വാക്കുകളും
വേണ്ടായിരുന്നെന്ന് പശ്ചാത്തപിക്കുന്ന
കുറെയേറെ ചെയ്തികളുമാണ്
അതിന്റെ കൂട്ട്.
എന്നെ ക്രൂശിക്കുന്നതുപോലെ
നിന്നെയും ഞാനൊരിക്കല്‍ ക്രൂശിക്കും
ഈ വെളിച്ചം, അതൊന്നണഞോട്ടെ.