Friday, August 28, 2009

തിരിച്ചറിവ്

ജീവിതത്തില്‍,
ആയുസിന്റെ നേര്‍വരക്കൊപ്പം
സമസ്യകളുടെ സൂത്രവഴികള്‍ കൂടി
കുറുകെ കടക്കേണ്ടതുണ്ട്.

പെയ്യേണ്ട മഴയെയോര്‍ത്തു
പരിതപിക്കുന്നതിനേക്കാള്‍
പെയ്തൊഴിഞ്ഞ
മഴയെയോര്‍ത്തു
നെടുവീര്‍പ്പിടേണ്ടതുണ്ട്.

പൊള്ളിക്കുന്ന ചൂടിന്റെ
കാടിന്യത്തിനും മുന്‍പേ
തണല്‍ തേടിപ്പിടിക്കേണ്ടതിന്റെ
ആവശ്യമുണ്ട്.

നിറം പടര്‍ന്ന പുലരികള്‍ക്കൊപ്പം
മങ്ങിമറയുന്ന അസ്തമയത്തിന്റെ
വേദനകളുടെ താളം
കാതോര്‍ക്കേണ്ടതുണ്ട്.

മുറിവുകള്‍ക്കും മുന്‍പേ
വേദനിക്കുന്ന ആത്മാവിന്റെ
നിലവിളികളെ
തിരിച്ചറിയേണ്ടതുണ്ട്.

ഒന്നുമില്ലെങ്കിലും,
നമ്മുടെ ജീവിതത്തെയെങ്കിലും
നാം തിരിച്ചറിയേണ്ടതുണ്ട്.

നോവ്‌

മരിച്ചിരുന്നു.
അറിഞ്ഞിരുന്നില്ലേ?
അടക്കിയൊന്നുമില്ല.
സ്നേഹിക്കുന്നുവെന്നും
സ്നേഹിക്കണമെന്നും
ആവര്‍ത്തിച്ചു പ്രഘോഷിച്ചതിനു കുറ്റം വിധിച്ച്
ജീവനോടെ കുരിശിലേറ്റുകയായിരുന്നു.
സഹയാത്രികരില്‍ ഒരാള്‍
കുന്തം കൊണ്ട് ആഞ്ഞൊന്നു കുത്തി നോക്കി,
ചങ്കിനു തന്നെ.
അവസാന തുള്ളി രക്തത്തോടൊപ്പം
അതും ശരീരത്തുനിന്നും തെറിച്ചുവീണ്
മണ്ണില്‍ പുതഞ്ഞു.
എന്നിട്ടും
അവരാരും അനുതാപപ്പെട്ടു കണ്ടില്ല.
ബാക്കിയുള്ളതിനെ
ഇര തേടി അലയുന്ന കഴുകന്മാര്‍ക്ക് വിട്ട്
അവരെല്ലാം താഴ്വര വിട്ടു.

നീയെന്തേ വരാന്‍ വൈകിയത്?
... നീയുമെന്റെ സ്നേഹത്തെ അറിഞ്ഞിരുന്നില്ലല്ലോ...
എന്താണ് നീ തുറിച്ചു നോക്കുന്നത്?
സ്നേഹം മാത്രമായിരുന്നെന്ന് പറഞ്ഞിരുന്ന
എന്റെ ഹൃദയമാണോ...?
നിന്റെ കാല്‍ പാദങ്ങള്‍ക്കടിയിലെ
സ്പന്ദനങ്ങള്‍ നീ തിരിച്ചറിയുന്നില്ലെങ്കില്‍
ഞാന്‍ ഇനിയുമെങ്ങനെ പറഞ്ഞു തരും
എന്നെ തുറിച്ചു നോക്കാന്‍
നീ ചവിട്ടി നില്‍ക്കുന്നത്
മുറിവേറ്റു വേര്‍പെട്ട
എന്റെ ഹൃദയത്തിന് മേലെയാണെന്ന്.

Monday, August 24, 2009

ആദ്യാവസാനം

ഒടുവില്‍ പറയേണ്ടിയിരുന്ന വാക്കുകള്‍
ആദ്യമേ പറഞ്ഞതിനാലാവാം
പിന്നെ പറഞ്ഞ വാക്കുകളിലെല്ലാം
അര്‍ത്ഥമില്ലായ്മ നുഴഞ്ഞുകയറിയത്‌.

ഒടുവില്‍ ചെയ്യേണ്ടത്
ആദ്യമേ ചെയ്തതിനാലാവാം
പിന്തുടര്‍ന്ന ചെയ്തികള്‍ക്ക്
പ്രതിഫലം ഇല്ലാതായത്.

ആദ്യം പറയേണ്ടിയിരുന്ന വാക്കും ചെയ്തിയും
കയ്യെത്തുന്നതിനും അപ്പുറത്തേക്ക്
പറന്നും പോയി.

Sunday, August 23, 2009

തുടക്കവും ഒടുക്കവും

'പുകവലി ആരോഗ്യത്തിനു ഹാനികരം'
നിയമപ്രകാരമുള്ള മുന്നറിയിപ്പിനെ
കടുത്ത പുച്ഛഭാവത്തില്‍ നോക്കി,
ആസ്വദിച്ചാസ്വദിച്ചു,
മുകളിലേക്കുയര്‍ത്തി വിട്ട പുകച്ചുരുള്‍.
തുടക്കം.

'നിശബ്ദത പാലിക്കുക'
ബോര്‍ഡിലെ കര്‍ക്കശതക്കപ്പുറം
കത്തിത്തീര്‍ന്ന നെഞ്ചും
പുക മാത്രമായ ശ്വാസ കോശവും
ആമാശയവും കുടലും ഭിത്തിയും
തലച്ചോറും ഭേദിച്ച്,
പുറത്തേക്ക് മുഴങ്ങുന്ന ചുമ.
ഒടുക്കം.


Friday, August 21, 2009

ഗന്ധം

ചന്ദന തിരികളുടെ
മൂക്ക് തുളച്ചു കയറുന്ന ഗന്ധം
എന്നെ ഓര്‍മിപ്പിക്കുന്നത്‌
അമ്പലങ്ങളെയോ അല്ത്താരകളെയോ അല്ല.

സ്വപ്നങ്ങളും കിനാക്കളും ബാക്കിവെച്ചു,
അകാലത്തില്‍ പൊലിഞ്ഞ ജീവിതങ്ങളുടെ
രക്തവര്‍ണ്ണം നിറഞ്ഞ കാഴ്ചകളെയും
വിലാപങ്ങളെയുമാണ്.