Friday, August 28, 2009

നോവ്‌

മരിച്ചിരുന്നു.
അറിഞ്ഞിരുന്നില്ലേ?
അടക്കിയൊന്നുമില്ല.
സ്നേഹിക്കുന്നുവെന്നും
സ്നേഹിക്കണമെന്നും
ആവര്‍ത്തിച്ചു പ്രഘോഷിച്ചതിനു കുറ്റം വിധിച്ച്
ജീവനോടെ കുരിശിലേറ്റുകയായിരുന്നു.
സഹയാത്രികരില്‍ ഒരാള്‍
കുന്തം കൊണ്ട് ആഞ്ഞൊന്നു കുത്തി നോക്കി,
ചങ്കിനു തന്നെ.
അവസാന തുള്ളി രക്തത്തോടൊപ്പം
അതും ശരീരത്തുനിന്നും തെറിച്ചുവീണ്
മണ്ണില്‍ പുതഞ്ഞു.
എന്നിട്ടും
അവരാരും അനുതാപപ്പെട്ടു കണ്ടില്ല.
ബാക്കിയുള്ളതിനെ
ഇര തേടി അലയുന്ന കഴുകന്മാര്‍ക്ക് വിട്ട്
അവരെല്ലാം താഴ്വര വിട്ടു.

നീയെന്തേ വരാന്‍ വൈകിയത്?
... നീയുമെന്റെ സ്നേഹത്തെ അറിഞ്ഞിരുന്നില്ലല്ലോ...
എന്താണ് നീ തുറിച്ചു നോക്കുന്നത്?
സ്നേഹം മാത്രമായിരുന്നെന്ന് പറഞ്ഞിരുന്ന
എന്റെ ഹൃദയമാണോ...?
നിന്റെ കാല്‍ പാദങ്ങള്‍ക്കടിയിലെ
സ്പന്ദനങ്ങള്‍ നീ തിരിച്ചറിയുന്നില്ലെങ്കില്‍
ഞാന്‍ ഇനിയുമെങ്ങനെ പറഞ്ഞു തരും
എന്നെ തുറിച്ചു നോക്കാന്‍
നീ ചവിട്ടി നില്‍ക്കുന്നത്
മുറിവേറ്റു വേര്‍പെട്ട
എന്റെ ഹൃദയത്തിന് മേലെയാണെന്ന്.

1 comment:

Unknown said...

anganeyenkil aa manasonnu ariyanamallo...