Wednesday, December 24, 2008

ചിത്രകാരന്‍

ജീവിതത്തിന്‍റെ കുളിരകറ്റാന്‍
നനഞ്ഞ തൂവലുകള്‍
മാറോടടുക്കുന്ന
യുക്തി മറന്ന ചിത്രകാരന്‍
വര്‍ണ്ണങ്ങളില്‍
നരയും
വിറയലും
തീര്‍ത്ത
ചിത്രങ്ങള്‍
മാര്‍ക്കറ്റിലെ
ട്രെന്‍ഡ് അറിഞ്ഞില്ല
ജീവന്‍റെ പുസ്തകത്തില്‍
ആയുസിന്‍റെ
നിറങ്ങള്‍ചാലിച്ച്
ഇനിയുമെത്ര നാള്‍
വരച്ചു തീര്‍ക്കണം

Tuesday, December 23, 2008

ചരിത്രം

ഞെട്ടറ്റു വീഴുന്ന
ഇലകള്‍ക്കും
ചിലത് പറയാനുണ്ടാകും
പക്ഷെ
ആര് ശ്രദ്ധിക്കാന്‍
ചവിട്ടി മെതിക്കും.
ഒടുവില്‍
മണ്ണിനടിയില്‍.
ഒരിക്കല്‍
ചരിത്രകാരന്മാര്‍
മണ്ണ് ചികഞ്ഞ്
ചരിത്രം പറയുമ്പോള്‍
നാം
തലകുലുക്കും
സമ്മതിക്കും.

ദൈവദൂതന്‍

വഴിയരികില്‍
ആക്സിടന്റില്‍പ്പെട്ട എന്നെ
കൈ പിടിച്ചുയര്‍ത്തിയ വൃദ്ധന്റെ മുഖം
ദൈവത്തെപോലെ ശോഭിചിരുന്നില്ല
മാത്രമല്ല
അയാളുടെ വേഷം
പഴകിയ ഒരു പാന്റ്സും ഷര്‍ട്ടും
മീതെ ഒരു കറുത്ത കോട്ടുമായിരുന്നു.
(ദൈവദൂതന്മാര്‍ ശുഭ്ര വസ്ത്രധാരികള്‍ ആണെന്ന്
പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുന്നത് ഞാന്‍ മറന്നിട്ടില്ല)
എന്നാലും
കൈപിടിച്ചു ഉയര്‍ത്തുമ്പോള്‍ ഒരു സ്നേഹ സ്പര്‍ശം..
കുപ്പിയിലിരുന്ന വെള്ളം കൊണ്ടു
കാലിലെ രക്തം കഴുകുമ്പോള്‍
ഒരു ആശ്വാസം ......
തിരക്കുള്ള വഴിയാണ്... ഒത്തിരി വണ്ടികള്‍
സൂക്ഷിച്ചു ബൈക്ക് ഓടിക്കണമെന്ന് പറയുമ്പോള്‍
ഒരു കരുതലിന്റെ സ്വരം ....
ഹേയ്.. ഇല്ല..
സാത്താനെ നീയെന്നെ കബളിപ്പിക്കാന്‍ നോക്കണ്ട
ദൈവദൂതന്മാരെ എനിക്കറിയാം
ദൈവമേ നീ എന്നെ കാത്തുകൊള്ളണമേ.