ഒരു പുറം
പുഴയുടെ ദയനീയത.
നെടുകെ കീറി
കുറുകെ കോരി
ആഴത്തില്‍ കുഴിച്ച്
ചാക്കില്‍ കെട്ടി വണ്ടിയിലേക്ക്.
പുഴയുടെ തേങ്ങലുകള്‍ക്ക്
കുട്ട, വള്ളം, ലോറി കണക്കില്‍ കൂലി.
ആഴമേറുന്തോറും
കര പതുക്കെ ഇടിയുന്നുണ്ട്
മരവും, ചെടിയുമെല്ലാം കടപുഴകുന്നുണ്ട്
ആവാസ വ്യവസ്ഥ തന്നെ അസംതുലിതമാകുന്നുണ്ട്.
മറുപുറം
വിശപ്പും നിസഹായതയും
കുട്ട എറിഞ്ഞുകൊടുക്കുന്നവന്‍
വാരിക്കൂട്ടുന്നവന്‍
മുങ്ങി വാരുന്നവന്‍
വണ്ടിയിലെത്തിക്കുന്നവന്‍
വണ്ടി ഓടിച്ചു ലക്ഷ്യസ്ഥാനം കണ്ടെത്തുന്നവന്‍
കുറച്ചേറെ പേരുണ്ട്.
വയര്‍ നിറയുന്നുണ്ട്
കുടിലില്‍ വെളിച്ചം തെളിയുന്നുണ്ട്
പട്ടിണിക്ക് ചെറിയൊരു മാറ്റം.
വലിയതൊന്നും എത്തിപിടിക്കാന്‍ ഇഷ്ടപെടാത്തവര്‍
സുഖമായി ഉറങ്ങുന്നുമുണ്ട്.
പരിസ്ഥിതി ശാസ്ത്രത്തിനും
അവകാശ സംരക്ഷണ വാദത്തിനും ഉപരിയായ്
വിശപ്പിന്‍റെയും രോഗത്തിന്‍റെയും പട്ടിണിയുടെയും
തത്വമില്ലാത്ത യുക്തിയില്ലായ്മകള്‍
ശരീരത്തെയും മനസിനെയും മുറുകി ബന്ധിച്ചിരുന്നതിനാലും
ഇപ്പോള്‍ സ്വതന്ത്രനായതിനാലും
ഏത് ഭാഗം ചേരണമെന്ന കാര്യം
എനിക്കിപ്പോഴും അറിയില്ല.
No comments:
Post a Comment