പറയാതെവെച്ച വാക്കുകള്‍ക്കു
എന്ന്, എങ്ങനെയാണ്
അര്‍ത്ഥമുണ്ടായി വരിക?
ചേര്‍ത്ത് കെട്ടിയ വേലികള്‍ക്കും
ഉരുട്ടിവെച്ച കല്ലുകള്‍ക്കും മേലെ
ഉയിര്‍ത്തെഴുന്നേറ്റ്
പ്രവചനങ്ങളുടെ തീക്കാറ്റുകള്‍ക്ക്
ശരവേഗം നല്‍കാനാകുമോ അതിന്‍റെ വിധി?
പാഞ്ഞുപോയതും
ഊര്‍ന്നിറങ്ങിയതും
തെറിച്ചു വീണതും
പാതിയില്‍ പൊലിഞ്ഞതും
ഉരുവിടും മുന്‍പേ
ശ്വാസം നിലച്ചതുമായ
ഒരു കൂട്ടം വാക്കുകളുടെ
സാധ്യതകള്‍ക്ക് മുന്നില്‍
മൊഴി മാറ്റി ചൊല്ലി
മുന്‍ പ്രവചനങ്ങളുടെ
ചരിത്രം തപ്പിയെടുക്കുന്നതിലാകുമോ
നിലനില്‍പ്പിന്റെ
അവസാന തുള്ളികളില്‍
വീണ്ടും
ജീവന്‍റെ തുടിപ്പുകള്‍
സന്നിവേശിക്കുന്നത് ?
അവസ്ഥാന്തരങ്ങള്‍ക്ക് ശേഷവും
മിച്ചം വരുന്ന വാക്കുകള്‍ക്ക്
മുന്‍പ് കൂട്ടിവെച്ച
അര്‍ഥങ്ങള്‍ തന്നെയാകുമോ
ബാക്കിയാകുന്നത് ?
തീര്‍ച്ചപ്പെടാത്തതിനെ
പ്രവചനങ്ങളുടെ മണ്ണില്‍ വിത്തെറിഞ്ഞിട്ട്
തീ മഴ കൊണ്ട്
കാത്തുസൂക്ഷിക്കുന്നതെന്തിന്?
ഒരു പൊട്ടുകിനാവില്‍
എഴുതി സൂക്ഷിക്കണോ?
അതോ
ഒരു മയക്കത്തില്‍
മറന്നെണീക്കണമോ?
ചീഞ്ഞ വേരിനെ
ബാക്കി നിര്‍ത്തിയിട്ട്
എങ്ങനെയിനിയും
പച്ച വിതാനിക്കും?
പറഞ്ഞു തരിക..
എന്നോടായല്ലെങ്കിലും...
No comments:
Post a Comment