Monday, April 5, 2010

ദുസ്വപ്നം

പ്രിയ കൂട്ടുകാരാ,
ഒരു ദുസ്വപ്നമുണ്ടായിരുന്നു
ഇന്നലെയുറക്കത്തില്‍.
മറ്റാരോടെങ്കിലും പറഞ്ഞാല്‍
ഫലമുണ്ടാകില്ലെന്നു
ആരോ പറഞ്ഞു കേട്ടു.
ഒരിക്കലും ഫലിക്കരുതെയെന്നാണ് ആശ.
അതുകൊണ്ട്
തുറന്നു പറഞ്ഞുകൊള്ളട്ടെ?

ചിന്തകള്‍ പെരുക്കിപെരുക്കി
മഥിച്ചു നിന്നീടവേ,
പിന്നിലൂടെ പതുങ്ങി വന്നൊരു
ഉത്തരാധുനികതയുടെ
കുറുകിയ കൈകളില്‍
എന്‍റെ കവിതകള്‍
കഴുത്ത് ഞെരിഞ്ഞിട്ടും ആഞ്ഞു പിടഞ്ഞിട്ടും
ശ്വാസം മുട്ടി മരിച്ചു വീഴുന്നു.

അജ്ഞാത ശവമെന്ന ലേബലില്‍,
ആത്മഹത്യയെന്നു കുറിപ്പെഴുതി
ചിരിച്ചു രസിക്കുന്നു
പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ പണ്ഡിതര്‍.
വാക്കുകള്‍ കടലാസില്‍
പേടിച്ചു വിറക്കുന്നു,
അജ്ഞാതനല്ലെന്നും ആത്മഹത്യയല്ലെന്നും.

ഫലിക്കുമോ കൂട്ടുകാരാ...?
അറിയില്ല എനിക്കും.
ഒന്നറിയാം...
അങ്ങനെയായാല്‍ ഇല്ലാതെയാകുന്നതു
ഞാന്‍ മാത്രമായിരിക്കുമെന്ന്.

No comments: