Friday, March 13, 2009

പേക്കിനാക്കള്‍

അതി ഗൂഡമായി നിര്‍മിക്കപ്പെടുന്ന
ചില തരം ധാരണകളില്‍ നിന്നാണ്
ഒരു ദിവസത്തെ ഗ്രാഫ് ആരംഭിക്കുന്നത്

ആകസ്മികതയുടെ കൂടിചേരലുകളില്‍
സൂചികങ്ങളുടെ മുനതുമ്പില്‍
വിറയലുകള്‍
പടരുകയും
ഗ്രാഫ് ഉയരുകയും താഴുകയും ചെയ്യും

നിമിഷങ്ങള്‍ ശുഭസമയം ചൊല്ലി
വിട പറഞ്ഞു കഴിയുമ്പോള്‍
ആകസ്മികതയുടെ കൂട്ടിമുട്ടലുകളുടെ
കടുത്ത രേഖകളും
ഗ്രാഫില്‍ കടന്നു കഴിഞ്ഞിരിക്കും

എല്ലാത്തിനുമൊടുവില്‍,
രാവിലെ വെള്ളം പിടിക്കാന്‍
കാലി കുടവുമായി ഇറങ്ങിയോടിയ ചേടത്തിയെയും
മുറ്റം അടിക്കാന്‍ ചൂലുമായി നിന്ന പെങ്ങളെയും
നിലതെറ്റി അറിയാതെ ദേഹത്ത് വീണ പല്ലിയെയും
വെപ്രാളത്തില്‍ കുറുകെ ചാടിയ പൂച്ചയെയും തുടങ്ങി...

രാവിലെ എഴുനേറ്റപ്പോള്‍ മുതല്‍
കണ്ണിനു മുന്നില്‍പെട്ട എല്ലാത്തിനെയും
മനസാ ശപിച്ചു കിടക്കപ്പായ പൂകും

പിന്നെങ്ങനെ ഞാന്‍ പേക്കിനാക്കള്‍ കാണാതിരിക്കും?

No comments: