Wednesday, December 15, 2010

സമകാലികം

പേന തുമ്പില്‍ നിന്നും ഒഴുകിയിറങ്ങുന്നത് കണ്ണീരിന്‍റെ നനവോ മനസിന്‍റെ നിറവോ അല്ല. വാക്കുകള്‍, അര്‍ത്ഥമറിഞ്ഞവര്‍ക്ക് തൂക്കി കൊടുത്ത്, കൂലി വാങ്ങുന്ന ആ പഴയ പണിയും ഉപേക്ഷിച്ചു. മുന്‍‌കൂര്‍ വാങ്ങിയ കൂലി കൊണ്ട് തിന്നുകുടിച്ച്, മത്തു പിടിച്ചാണിപ്പോള്‍ എഴുത്ത്. പകര്‍പ്പവകാശത്തിനു പോലും യോഗ്യതയില്ലാത്ത, ഒരു തരം എഴുത്ത്.

Sunday, November 21, 2010

ശാന്തമീ യാത്ര...



കോഴിക്കോട് ശാന്താദേവി (1927- 20 , നവംബര്‍ 2010)

അഭിനയ ജീവിതം: ആയിരത്തിലേറെ നാടകങ്ങള്‍, 480 ലേറെ സിനിമകള്‍, അഞ്ഞൂറോളം ടെലിവിഷന്‍ സീരിയലുകള്‍
ആദ്യ നാടകം: സ്മാരകം (1954, രചന-വാസു പ്രദീപ്‌, സംവിധാനം-അപ്പു നായര്‍)
ആദ്യ
സിനിമ : മിന്നാമിനുങ്ങ് (1957 - രാമു കാര്യാട്ട് )
അവസാന സിനിമ: ബ്രിഡ്ജ് (2009-കേരള കഫേ എന്നചിത്രത്തിലെ അന്‍വര്‍ റഷീദിന്‍റെ ചെറു ചിത്രം)
പ്രധാന പുരസ്കാരങ്ങള്‍ :
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്‌കാരം (1979). മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ (1983, ദീപസ്തംഭം മഹാശ്ചര്യം). മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ( 1992, യമനം-ഭരത് ഗോപി). സംഗീത നാടക അകാദമിയുടെ പ്രേംജി പുരസ്‌കാരം (2005). സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം (2007).

Wednesday, November 3, 2010

പ്രിയപ്പെട്ട ഇറോം,
താരാരാധനയുടെ നിറമില്ലാത്ത
പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞവളാണിന്നു നീ.



ഇറോം ചാനു ഷര്‍മിള

Monday, November 1, 2010

ഇടം തേടുന്നവര്‍

അപേക്ഷ,
എനിക്ക് നിന്നോടായ് മാത്രമുള്ളത്.
അടുത്ത ജന്മത്തിലെങ്കിലും
നിന്‍റെ ഹൃദയത്തില്‍
എനിക്കായ് ഒരിടം മാറ്റിയിടുക.
എന്‍റെ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം
ഞാനവിടെ തീര്‍ത്തുകൊള്ളാം.
കനവുകളുടെ ഭാണ്ഡം
അധികമെന്ന് തോന്നുമ്പോള്‍
നിനക്കത് തച്ചുടക്കാമല്ലോ,
എന്‍റെ സമ്മതമില്ലാതെ തന്നെ.

Tuesday, October 26, 2010

ഫലിതം

"വിവാഹം നിയമപ്രകാരമുള്ള വ്യഭിചാരമാണെന്ന്"
(ക്രൂര) ഫലിതം പറഞ്ഞ സുഹൃത്തിനോട്‌
നിന്‍റെ അമ്മ രണ്ടു കെട്ടിയതും,
മൂത്ത പെങ്ങള്‍
ഭര്‍ത്താവിനോട് പിണങ്ങി
വീട്ടില്‍ വന്നു നില്‍ക്കുന്നതും,
ആദ്യം കിട്ടിയ 'ലൈസന്‍സ്'
രണ്ടാള്‍ക്കും മതിയാകാഞ്ഞതിനാലാണോ? എന്ന്
തിരിച്ചു തമാശിച്ചപ്പോള്‍,
സുഹൃത്ത് വെറുതെയിരുന്നു
കണ്ണ് തുറിച്ചതും
പല്ല് ഉരുമ്മിയതും
പിറുപിറുത്തതും (ഹേയ്‌... തെറിയാകില്ല)
എന്തായിരുന്നുവെന്നും
എന്തിനായിരുന്നുവെന്നും
എനിക്കൊട്ടു പിടികിട്ടിയില്ല.

Monday, October 25, 2010

ജീവന്‍റെ നിലവിളി

ചെവിയോര്‍ത്താല്‍
നിങ്ങള്‍ക്ക് കേള്‍ക്കാം.
മതങ്ങള്‍ക്കിടയില്‍ തലവച്ചു പിടയുന്ന
ഒരു ജീവന്‍റെ നിലവിളി.

ഒരു മതത്തിന്‍റെയും
വക്താവല്ലായിരുന്നു,
വിമര്‍ശകനും.
നേരും നന്മയും സ്നേഹവും
കൊടുത്തു വാങ്ങാനാശിച്ചു.
മതങ്ങള്‍ക്ക് മുന്‍പേ നടന്നു.

പകലില്‍ തിരക്കേറിയ
വഴിയരുകില്‍,
ഇരുളില്‍ കെട്ടുപിണയുന്ന
നിഴലുകള്‍ക്കിടയില്‍,
കടിച്ചു കീറാന്‍ നിന്ന
ക്രൂര മൃഗങ്ങള്‍ക്കിടയില്‍,
വേര്‍തിരിക്കാനാവാതിരുന്ന
ശരി തെറ്റുകള്‍ക്കിടയില്‍,
സ്വയമുണര്‍ന്ന
ഒരാത്മാവിന്‍റെ ദീനരോദനം.
ചങ്ങല വരിഞ്ഞുമുറുക്കുമ്പോഴും
നിലവിളിയത്രയും
തൊണ്ടയില്‍ കുരുങ്ങി..

അതെ...
ചെവിയോര്‍ത്താല്‍,
നിങ്ങള്‍ക്കും കേള്‍ക്കാം
ഒരു ജീവന്‍റെ നിലവിളി.

നാദം

മുന്നേ നടക്കുമാ
വിധിയുടെ വഴിയിലൂടെന്നോ
തുടങ്ങിയൊരു യാത്രയില്‍,
കാലങ്ങളത്രയും കാത്തുവെച്ചൊരെന്‍
മൊഴികളെ
സൂത്രത്തില്‍ കവര്‍ന്ന്,
പാഞ്ഞുപോകുന്നു
ഒരു വെയില്‍.

ഒരുപക്ഷെ

ആ വെയിലിനുമുണ്ടാകാം
ആരും കേള്‍ക്കാത്തൊരു നാദം,
എന്നെപ്പോലെ.

ഒരിക്കലെങ്കിലും,

ഒരു വേനല്‍മഴയിലെങ്കിലും
അതൊന്നും
വീണു പെയ്യാതിരിക്കില്ല.

Friday, October 22, 2010

വെയില്‍ തിന്നുന്ന പക്ഷിയുടെ നിറം മങ്ങിയ നിഴലും മാഞ്ഞുപോയി.



മുറിവുകളുടെ വസന്തം പോയ്മറഞ്ഞു.
. അയ്യപ്പന്‍ ഓര്‍മ്മയായി.

Thursday, October 21, 2010

മൗനം

എന്‍റെ ചെറിയ ഹൃദയത്തിന്‍റെ
വലിയ സങ്കടങ്ങള്‍
സ്വത്വം മറന്നു പുറത്തു വരുമ്പോള്‍
എന്നെ അറിയാത്ത ഞാന്‍ അറിയാത്ത
ചുറ്റുമുള്ള ലോകം
എനിക്ക് നേരെ കല്ലെറിയുന്നു.
എനിക്കവരോട് പറയുവാന്‍
കഥകളൊന്നുമില്ല.
അവര്‍ മെനയട്ടെ
മടുക്കുമ്പോള്‍ അവര്‍ക്കോര്‍ക്കാന്‍
ഞാന്‍ എന്‍റെ മൗനം സൂക്ഷിച്ചു വെയ്ക്കുന്നു.

സ്നേഹിതന്‍

"നിറങ്ങളെ സ്നേഹിക്കുന്ന
നിറങ്ങളുടെ കൂട്ടുകാരനാണ്
എന്‍റെയും സ്നേഹിതന്‍"

Tuesday, October 19, 2010

അലച്ചില്‍

രാത്രിയുടെ ഇരുളില്‍ പുതഞ്ഞും
പുലര്‍കാല മഞ്ഞില്‍ നനഞ്ഞും
വഴി തേടുമാത്മാവിന്‍ കൂട്ടായി ഞാനിന്നും
വെറുതെ അലയുന്നു ഭൂവില്‍.

Thursday, April 8, 2010

ഉത്തരങ്ങള്‍

ഞാന്‍ പോലും മറന്ന
എന്നിലേക്കുള്ള വഴിയെ
നീയെങ്ങനെയാണ്
ഓര്‍ത്തെടുക്കുന്നത്?

പതിവായി വന്നുപോകാന്‍
നീ തെരഞ്ഞെടുത്ത വഴികളില്‍
ഒന്ന് മാത്രമല്ലായിരുന്നെന്നോ?

ഓര്‍ത്തെടുക്കാനും
നടന്നടുക്കാനും
വഴി മാത്രമേ
നീയിതുവരെ കണ്ടെത്തിയിരുന്നുളെന്നോ?

ഞാന്‍ എങ്ങനെയാണ്
നിന്നിലേക്കുള്ളതും
എന്നിലേക്കുള്ളതുമായ
വഴികളൊക്കെ മറന്നുപോകുന്നത്?

നിന്നിലേക്കെത്താന്‍
ഞാന്‍ നടന്നു തീര്‍ത്ത
വഴികളൊക്കെയും
തെറ്റായിരുന്നെന്നോ?

ഇനിയെങ്കിലും,
നമുക്കൊരുമിച്ചു നടന്നുകൂടെ?

Monday, April 5, 2010

അര്‍ത്ഥമില്ലാതാകുന്നവ

പറയാതെവെച്ച വാക്കുകള്‍ക്കു
എന്ന്, എങ്ങനെയാണ്
അര്‍ത്ഥമുണ്ടായി വരിക?

ചേര്‍ത്ത് കെട്ടിയ വേലികള്‍ക്കും
ഉരുട്ടിവെച്ച കല്ലുകള്‍ക്കും മേലെ
ഉയിര്‍ത്തെഴുന്നേറ്റ്
പ്രവചനങ്ങളുടെ തീക്കാറ്റുകള്‍ക്ക്
ശരവേഗം നല്‍കാനാകുമോ അതിന്‍റെ വിധി?

പാഞ്ഞുപോയതും
ഊര്‍ന്നിറങ്ങിയതും
തെറിച്ചു വീണതും
പാതിയില്‍ പൊലിഞ്ഞതും
ഉരുവിടും മുന്‍പേ
ശ്വാസം നിലച്ചതുമായ
ഒരു കൂട്ടം വാക്കുകളുടെ
സാധ്യതകള്‍ക്ക് മുന്നില്‍
മൊഴി മാറ്റി ചൊല്ലി
മുന്‍ പ്രവചനങ്ങളുടെ
ചരിത്രം തപ്പിയെടുക്കുന്നതിലാകുമോ
നിലനില്‍പ്പിന്റെ
അവസാന തുള്ളികളില്‍
വീണ്ടും
ജീവന്‍റെ തുടിപ്പുകള്‍
സന്നിവേശിക്കുന്നത്‌ ?

അവസ്ഥാന്തരങ്ങള്‍ക്ക് ശേഷവും
മിച്ചം വരുന്ന വാക്കുകള്‍ക്ക്
മുന്‍പ് കൂട്ടിവെച്ച
അര്‍ഥങ്ങള്‍ തന്നെയാകുമോ
ബാക്കിയാകുന്നത് ?

തീര്‍ച്ചപ്പെടാത്തതിനെ
പ്രവചനങ്ങളുടെ മണ്ണില്‍ വിത്തെറിഞ്ഞിട്ട്‌
തീ മഴ കൊണ്ട്
കാത്തുസൂക്ഷിക്കുന്നതെന്തിന്?

ഒരു പൊട്ടുകിനാവില്‍
എഴുതി സൂക്ഷിക്കണോ?
അതോ
ഒരു മയക്കത്തില്‍
മറന്നെണീക്കണമോ?

ചീഞ്ഞ വേരിനെ
ബാക്കി നിര്‍ത്തിയിട്ട്
എങ്ങനെയിനിയും
പച്ച വിതാനിക്കും?

പറഞ്ഞു തരിക..
എന്നോടായല്ലെങ്കിലും...

ദുസ്വപ്നം

പ്രിയ കൂട്ടുകാരാ,
ഒരു ദുസ്വപ്നമുണ്ടായിരുന്നു
ഇന്നലെയുറക്കത്തില്‍.
മറ്റാരോടെങ്കിലും പറഞ്ഞാല്‍
ഫലമുണ്ടാകില്ലെന്നു
ആരോ പറഞ്ഞു കേട്ടു.
ഒരിക്കലും ഫലിക്കരുതെയെന്നാണ് ആശ.
അതുകൊണ്ട്
തുറന്നു പറഞ്ഞുകൊള്ളട്ടെ?

ചിന്തകള്‍ പെരുക്കിപെരുക്കി
മഥിച്ചു നിന്നീടവേ,
പിന്നിലൂടെ പതുങ്ങി വന്നൊരു
ഉത്തരാധുനികതയുടെ
കുറുകിയ കൈകളില്‍
എന്‍റെ കവിതകള്‍
കഴുത്ത് ഞെരിഞ്ഞിട്ടും ആഞ്ഞു പിടഞ്ഞിട്ടും
ശ്വാസം മുട്ടി മരിച്ചു വീഴുന്നു.

അജ്ഞാത ശവമെന്ന ലേബലില്‍,
ആത്മഹത്യയെന്നു കുറിപ്പെഴുതി
ചിരിച്ചു രസിക്കുന്നു
പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ പണ്ഡിതര്‍.
വാക്കുകള്‍ കടലാസില്‍
പേടിച്ചു വിറക്കുന്നു,
അജ്ഞാതനല്ലെന്നും ആത്മഹത്യയല്ലെന്നും.

ഫലിക്കുമോ കൂട്ടുകാരാ...?
അറിയില്ല എനിക്കും.
ഒന്നറിയാം...
അങ്ങനെയായാല്‍ ഇല്ലാതെയാകുന്നതു
ഞാന്‍ മാത്രമായിരിക്കുമെന്ന്.

Friday, February 19, 2010

ഡയറി

എനിക്കൊരു ഡയറി വേണം
പകലുകളെയും രാത്രികളെയും
വേര്‍തിരിച്ചെഴുതാത്ത ഒന്ന്.

പകലുകളെ മുത്തുകള്‍ പോലെയും
രാത്രികളെ ശലഭങ്ങള്‍ പോലെയും
സ്വതന്ത്രമാക്കണം.

ഓര്‍മ്മകളുടെ വരികളില്‍
മറവിക്കും കൂടി ഒരു കൂടൊരുക്കണം.

പാറി നടക്കുന്നതിനെയും
പറ്റിപ്പിടിച്ചതിനെയും
ചേര്‍ത്തെഴുതാവുന്ന ഒരു ഡയറി.